കരയാൻ തയ്യാറാണെങ്കിൽ മാത്രം വായിക്കുക

കരയാൻതയ്യാരാണെങ്കിൽമാത്രംവായിച്ചാൽമതി



പള്ളിയില്‍ നിന്നും   ജുമുഅ കഴിഞ്ഞ് ഇറങ്ങിയതാണ്. പുറത്തിറങ്ങി ഷൂ തിരഞ്ഞ്പിടിച്ച് സോക്സ്‌ ഇടുന്ന സമയത്താണ് പള്ളിയുടെ ഗേറ്റിന്‍റെ മുന്നില്‍ പരിചയമുള്ള ഒരു മുഖം തട്ടം വിരിച്ച് നില്‍ക്കുന്നത് അവന്‍റെ കണ്ണിലുടക്കിയത്. വേഗം സോക്സ്‌ വലിച്ച് കയറ്റി അവന്‍ അങ്ങോട്ട്‌ നടന്നു....
"ഉമ്മാ....... നജീബിന്‍റെ  ഉമ്മയല്ലേ.... ഇങ്ങളെന്താ  ഇവിടെ"
അത് കേട്ട ഉടനെ ആ  ഉമ്മ ഒന്ന് ഞെട്ടി തിരിഞ്ഞ് നോക്കി... ആ മുഖത്ത് വല്ലാത്ത  കുറ്റബോധവും നാണക്കേടും കാണാമായിരുന്നു. പള്ളി കഴിഞ്ഞ് ആളുകളൊക്കെ പുറത്ത് വരുന്ന സമയമായോണ്ട് അതികമൊന്നും ആ  ഉമ്മാട്  ചോദിക്കാന്‍ സൈഫു മുതിര്‍ന്നില്ല. അവന്‍ കുറച്ച് അകലേക്ക് മാറി നിന്നു.

പള്ളി കഴിഞ്ഞ് പുരത്തിറങ്ങുന്നവരില്‍ പകുതി പേരും നജീബിന്‍റെ ഉമ്മ വിരിച്ച ആ  ചെറിയ തട്ടം കണ്ടിട്ടും കാണാത്തപോലെ മൊബൈല്‍ ഫോണും എടുത്ത് മുന്നിലൂടെ പോയി. ചിലര്‍ അതിലേക്ക് പോക്കറ്റിലേ ഏറ്റവും മൂല്യം  കുറഞ്ഞ  തുട്ടുകള്‍ എടുത്തിട്ടു.. ചിലര്‍ തന്‍റെ ധാര്‍ഷ്ട്യം അഞ്ച് രൂപയുടെ തുട്ട് അവരുടെ തട്ടത്തിലേക്ക് എറിഞ്ഞ് കൊടുത്തും നടന്നു നീങ്ങി... എല്ലാം കണ്ട് സൈഫു കുറച്ചകലെ മാറി ആ ഉമ്മയെ നോക്കിക്കൊണ്ട് നിന്നു.

അവരുടെ മുഖം അവന്‍റെ മനസ്സില്‍ നിന്ന് മായുന്നില്ല.... തന്‍റെ  ചെങ്ങായി നജീബിന്‍റെ ഉമ്മ.... പ്ലസ്ടൂവില്‍ തന്നെക്കാള്‍ നല്ല  മാര്‍ക്ക്  ഉണ്ടായിട്ടും ഡിഗ്രിക്ക് പോകാതെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കാഷ്യര്‍ ആയി ജോലിക്ക് പോകുന്ന അവനോട് എത്രയോ വട്ടം ചോദിച്ചിരിക്കുന്നു... "അളിയാ  നിനക്ക്  നല്ല  മാര്‍ക്ക്  ഉണ്ടല്ലോടാ ഡിഗ്രിക്ക്  ഗവണ്മെന്റില്‍ കിട്ടാനുള്ള  മാര്‍ക്ക്  ഉണ്ട്... പഠിക്കാന്‍ പോയ്ക്കൂടെ അളിയാ " എന്ന്...
അതിനവന്‍ അന്ന് പറഞ്ഞ  മറുപടി ഇത്തരത്തില്‍ ഒരു  കുടുംബ സാഹചര്യം അവന്‍റെ ഉമ്മ വഴി  തന്‍റെ കണ്ണ് നനക്കുമെന്ന് താന്‍ കരുതിയില്ല...
"പഠിക്കാന്‍ ആഗ്രഹമൊക്കെ ഉണ്ടെടാ... ഗവണ്മെന്റില്‍ കിട്ടിയാല്‍  പിന്നെ  അതികം  ഫീസും  വേണ്ടി വരില്ല... പക്ഷെ  ഉമ്മാനെ എത്രയാന്ന് വെച്ചിട്ടാടാ വല്യ വീട്ടിലേക്ക് പറമ്പ് നനക്കാനും അടുക്കളപ്പണിക്കും വിടുക... പാവാ ഡാ എന്‍റെ ഉമ്മ... ആകെ എല്ലും തോലുമായിരിക്കുന്നു.... കല്യാണപ്രായം കഴിഞ്ഞ ഒരു താത്തയും വീട്ടിലുള്ളത് നിനക്കറിയാലോ"  എന്നാണ്....

ശെരിയാണ് അവന്‍റെ ഉമ്മ എല്ലും തോലുമായിരിക്കുന്നു... കണ്ണുകള്‍ കുഴിയിലേക്ക് പോയിരിക്കുന്നു.... എടുത്തണിഞ്ഞ മുഷിഞ്ഞ പര്‍ദ്ദയിലൂടെയും എല്ല് മുഴച്ച് നില്‍ക്കുന്നുണ്ട്.... കണ്ണില് പെയ്ത് മരിച്ച ഒരു മഴക്കാലം വെറുങ്ങലിച്ച് നില്‍ക്കുന്നുണ്ട്...
എന്ത് പറ്റി ഈ ഉമ്മാക്ക് നാട്ടില്‍ നിന്നും ഒരുപാട് ദൂരെയുള്ള ഈ  പള്ളിയില്‍ തന്നെ വന്നു യാചിക്കാന്‍... ? അത്രക്കും ദാരിദ്ര്യമായോ ആ കുടുംബത്തിന്...? ചോദ്യങ്ങളൊക്കെ അവനില്‍ നിന്നും ആ  ഉമ്മ നില്‍ക്കുന്ന സ്ഥലത്തിലേക്ക് പോകാന്‍ കഴിയാതെ പകുതി വെച്ച് മുറിഞ്ഞു... അന്നേരം ആ ഉമ്മ ദൂരെ നിന്ന് സൈഫുവിനെ വീണ്ടും കണ്ടു... പെട്ടന്ന് ആ ഉമ്മ തന്നോട്  പോകല്ലേ അവിടെ നില്‍ക്ക് എന്ന് കണ്ണുകള്‍ കൊണ്ട് പറയുന്നതായി തോന്നി സൈഫുവിന്.. ജുമുഅ നിസ്കരിച്ച് പുറത്തിറങ്ങിയവരിലെ അവസാനത്തെ ആളിലെ അവസാനത്തെ തുട്ടും ആ തട്ടം സ്വീകരിച്ചപ്പോള്‍ കിട്ടിയ പൈസ കൂട്ടിവെച്ച് ആ ഉമ്മ തന്‍റെ തട്ടം കോരിയെടുത്തു.

മെല്ലെ സൈഫു നില്‍ക്കുന്നിടത്തേക്ക് നടന്നടുത്തു....
"സൈഫുമോനല്ലേ...... മനസ്സിലാവാഞ്ഞിട്ടല്ല.... ഉമ്മാക്ക്  നിന്നെ കണ്ടപ്പോള്‍ പേടിയായി... ഇയ്യ് നജീബിനോട് പറയോ എന്ന പേടികൊണ്ടാ ഞാന്‍....."
മുഴുവനാക്കാന്‍ കഴിയാതെ ആ  ഉമ്മയൊന്നു വിങ്ങിപ്പൊട്ടി...
"കരയല്ലേ  ഉമ്മാ.... ഞാനൊന്നും ആരോടും  പറയൂല.. ഇങ്ങള് വരിന്‍ നമുക്ക് എന്‍റെ കോളേജ് കാന്റീനില്‍ നിന്ന്  എന്തേലും കഴിച്ച് സംസാരിക്കാം.. ഈ  പൊരി വെയിലത്ത് കുറേ  നേരായില്ലേ നിക്കാന്‍ തുടങ്ങീട്ട്... "
അത്രയും പറഞ്ഞ് അവനാ ഉമ്മയെ തന്‍റെ കോളേജ് കാന്റീനിലേക്ക് കൂട്ടി നടന്നു.

"കൃഷ്ണേട്ടാ രണ്ട് ചായയും ... പൊറോട്ടയും" സൈഫു കാന്റീനില്‍ എത്തിയപാടെ വിളിച്ച് പറഞ്ഞു...
"ഇക്ക്  വേണ്ട മോനെ... വെശപ്പൊന്നും ഇല്ലാ ഉമ്മാക്ക്"
"അത്  പറ്റില്ല..... ഇത്രയും ദൂരം വന്നിട്ട് ഒന്നും കഴിക്കാതെ  എങ്ങനെയാ..."
സൈഫുന്‍റെ  നിര്‍ബന്ധത്തിന് വഴങ്ങി ആ  ഉമ്മാടെ മുന്നില്‍ പൊറോട്ടയും കൃഷ്ണേട്ടന്‍റെ സ്പെഷ്യല്‍ ചിക്കന്‍ കറിയും സ്ഥാനമുറപ്പിച്ചു.
അത് കഴിച്ച് കൊണ്ടിരിക്കെ ആ ഉമ്മ സൈഫുനോട് ചോദിച്ചു....
"മോന്‍ ഇവിടെയാണോ പഠിക്കുന്നത്.... ? ഇക്ക് അറിയില്ലായിരുന്നു... അറിഞ്ഞെങ്കില്‍ ഞാന്‍ വരൂലായിരുന്നു..."
അത്രയും പറഞ്ഞപ്പോള്‍ വായില്‍ വെച്ച പൊറോട്ടക്കഷ്ണം ഇറങ്ങാതെ കണ്ണ് നിറച്ച് ആ  ഉമ്മ ഒന്ന് തേങ്ങി...

"കരയല്ലേ ഉമ്മാ...... ഞാന്‍ ആരോടും പറയൂല... എന്നാലും ഇങ്ങളും എനിക്ക് എന്‍റെ  ഉമ്മയെപ്പോലെയാ... ഇങ്ങനെ.. നിങ്ങളെ ഇവിടെ  കണ്ടപ്പോള്‍ എന്തോ വല്ലാതായി... നജീബ് കാഷ് വീട്ടില്‍ തരുന്നില്ലേ.... പിന്നെ  എന്താ  ഇങ്ങനെ  ആവാന്‍"
സൈഫു അത്രയും പറഞ്ഞപ്പോള്‍ ആ ഉമ്മ  തന്‍റെ തട്ടം കൊണ്ട് വീണ്ടും തന്‍റെ കണ്ണ് തുടച്ച് ചായ ഒരു വലിക്ക് മോന്തിക്കുടിച്ചു...
"ഹേയ്.... നജിമോന്‍ പാവാ മോനെ,..... അവന്‍ അദ്ധ്വാനിച്ച് ഉണ്ടാക്കുന്ന കാഷ് കൊണ്ട് തന്നെയാ  എല്ലാം നടന്ന് പോകുന്നത്.... ഓന്‍റെ ഉപ്പാന്‍റെ ക്ഷയരോഗത്തിനുള്ള മരുന്നും ചികിത്സയും ഒക്കെ അവനാ നോക്കുന്നത്.. പഴയപോലെ എന്നെ ഒരു പണിക്കും വിടുന്നില്ല... എല്ലാം ഇന്‍റെ കുട്ടീടെ ചുമലിലാ... ഇടക്കൊക്കെ അവനെ കാണുമ്പോള്‍ കരയാനല്ലാതെ ഈ എനിക്ക് വേറെ എന്തിനാ കഴിയാ... ഇന്‍റെ കുട്ടിക്ക് സ്വസ്ഥതയോടെ ഒരു ദിവസം പോലും ഉറങ്ങാന്‍ പറ്റിയിണ്ടാവില്ല.... മൂത്ത മോള്‍ ഹാജറാക്ക് വരുന്ന കല്യാണമൊക്കെ മുടങ്ങിപ്പോവാ.... എല്ലാതും പണത്തിന്‍റെ പേരിലാ...  അതൊക്കെ കാണുമ്പോള്‍ സഹിക്കാന്‍ പറ്റാതെ അകലെയുള്ള ഒരു കൂട്ടുകാരിയുടെ വീട്ടിലേക്കാണ് എന്ന് നജീബിനോട് നുണ  പറഞ്ഞ് പോന്നതാ.. ഇങ്ങനെ തട്ടം നിരത്തി ഇരക്കാന്‍....അപ്പൊ അവനറിയാത്ത പള്ളിതേടി ഇവിടെ എത്തി..."

അത്രയും കേട്ടപ്പോള്‍ സൈഫുവിന്‍റെ അടക്കിപ്പിടിച്ച കണ്ണുനീര് കാന്ടീനിലെ  ഡസ്കില്‍ പതിഞ്ഞു.... യാ റബ്ബ്...... ഞാനൊക്കെ ദിവസവും സ്വര്‍ഗ്ഗത്തിലല്ലേ ജീവിക്കുന്നത്.... പഠിക്കുന്നത്..... തിന്നുന്നത്.... കിടക്കുന്നത്..... കോളെജിലേക്ക് ആയിരം വേണം എന്ന് പറഞ്ഞാല്‍ 'ഉപ്പാടെ അലമാറയില്‍ നിന്നെടുത്തോ' എന്ന് പറയുന്ന ഉമ്മ..... അളിയന് നൂറ് പവനും ഒരു സ്വിഫ്റ്റ് കാറും കൊടുത്ത് പെങ്ങളെ കെട്ടിച്ച മുന്തിയ തറവാട്ടിലെ ഒരേ ഒരു ആണ്‍കുട്ടി... സൗകര്യങ്ങളുടെ  പെരുമഴക്കാലമാണ് തന്നില്‍.... ഇപ്പോള്‍ ഈ കേട്ടതോ.... തന്‍റെ കൂടെ പ്ലസ്ടൂ വരെ പഠിച്ച ചെങ്ങാതിയുടെ കണ്ണ് നിറക്കുന്ന ജീവിത കഥ.... പക്ഷെ അവനിതൊന്നും ആരോടും പറഞ്ഞിരുന്നില്ലല്ലോ റബ്ബേ..... ക്ലാസില്‍ നിന്ന് ടൂര്‍ പോകുമ്പോള്‍ എല്ലാവരും പേര് കൊടുത്തു.. അവനോഴിച്ച്.... അന്ന് താനടക്കമുള്ളവരെല്ലാം അവനെ പിന്തിരിപ്പന്‍ എന്നും സ്കൂള്‍ ജിവിതം എന്ജോയ്‌ ചെയ്യാത്തവന്‍ എന്നും പേരെടുത്ത് പറഞ്ഞ് എത്രയോ കളിയാക്കിയിരിക്കുന്നു... ടൂര്‍ കഴിഞ്ഞ് വന്നപ്പോള്‍ ടൂറിലുണ്ടായ രസകരമായ നിമിശങ്ങള്‍ പറഞ്ഞ് അവനെ എത്ര കൊതിപ്പിച്ചിരിക്കുന്നു...... ഇന്ന് അവന്‍റെ ഉമ്മ പറഞ്ഞ വാക്കുകള്‍ കേട്ടപ്പോള്‍ കാണുന്നുണ്ട് കണ്ണിലൊരു നനവ്‌ പടര്‍ത്തിയ നജീബിനേ.....

യാ റബ്ബ്..... ഞാന്‍ ധിക്കാരിയായി കാലം കഴിക്കുകയായിരുന്നോ..... എന്‍റെതല്ലാത്ത പ്രശ്നങ്ങളൊന്നും എന്നെ ബാധിച്ചില്ലായിരുന്നു... പക്ഷെ ഇത്..... ഈ ഉമ്മാക്ക് പകരം തന്‍റെ ഉമ്മയാണ്‌ ഇങ്ങനെ നിന്നിരുന്നത് എങ്കിലോ... ബിസിനസ്സുമായി ഓടിപ്പായുന്ന തന്‍റെ ഉപ്പാക്കാണ് ക്ഷയരോഗം പിടിപെട്ട് കിടക്കയില്‍ ജീവിതം തള്ളിനീക്കേണ്ടി വന്നെങ്കിലോ.... പഠിക്കാന്‍ ആഗ്രഹവും നല്ല മാര്‍ക്കും ഉണ്ടായിട്ടും നാട്ടിലെ മുഴു പിശുക്കനായ മുതലാളിയുടെ അടിമപ്പണിക്കാരനായി സൂപ്പര്‍ മാര്‍ക്കറ്റില്‍ താനാണ് ഇരിക്കേണ്ടത് എങ്കിലോ...... അള്ളാഹ് ഓര്‍ക്കാന്‍ കൂടി വയ്യ......  വിധി എന്തൊരു ക്രൂരതയാണ് കാണിക്കുന്നത് ഈ ഉമ്മാനോടും ആ മകനോടും.... പലതും ആലോചിച്ച് കണ്ണ് നിറച്ചപ്പോള്‍ ആ ഉമ്മ തുടച്ചിട്ടും തുടച്ചിട്ടും കണ്ണീര് നില്‍ക്കാത്ത തന്‍റെ കണ്ണിനെ പ്രാകുകയായിരുന്നു...

                                  കാന്ടീനിലെ കാഷ് കൊടുത്ത് അവനാ ഉമ്മയേയും കൂട്ടി നടന്ന് നീങ്ങി.... വഴിയരികില്‍ കണ്ട ഏ.ടി.എമ്മിലേക്ക് അവന്‍ കയറി....
സെമസ്റ്റര്‍ ഫീസ്‌ കൊടുക്കാറായി എന്നപേരില്‍ ഉപ്പാനോട് നുണ പറഞ്ഞ് കൂട്ടുകാരുമൊത്ത് ഗോവയിലേക്ക് ടൂര്‍ പോകാന്‍ വേണ്ടി  വാങ്ങിയ പന്ത്രണ്ടായിരം രൂപ മുഴുവനായും എടുത്തു... വീണ്ടും നടക്കവേ ആ ഉമ്മാടെ ബാഗ് ചോദിച്ച് വാങ്ങി... അതിലേക്ക് ആ പന്ത്രണ്ടായിരം രൂപ മടക്കി വെച്ചുകൊടുത്തു... അത്രയും കാഷ് തന്‍റെ ബാഗില്‍ വെക്കുന്നത് കണ്ട ആ ഉമ്മ അവനെ വിലക്കി....
"നീ എന്താണ് മോനെ കാണിക്കുന്നത്.... ഇത്രയും കാഷ് നിനക്കെവിടുന്നാ... വേണ്ട  ഉമ്മാക്ക്  വേണ്ടമോനെ..."

ആ  ഉമ്മ അത്രയും പറഞ്ഞപ്പോള്‍ സൈഫു ഉമ്മാനെ അടുത്ത് നിര്‍ത്തി പറഞ്ഞു...
"ഉമ്മാ... ഇങ്ങടെ  മകന്‍  നജീബാണ്‌ ഇങ്ങനെ കുറച്ച് കാഷ് തരുക എന്നുവെച്ചാല്‍ നിങ്ങള് അത് വാങ്ങൂലേ.... ഞാനും വേറെരു നജീബാണ്‌ ഉമ്മാ... ഇത് പൊരുത്തമുള്ള കാശാണ്... ഇതിന് ഏറ്റവും അര്‍ഹതയും നിങ്ങള്‍ക്കാണ്... പന്ത്രണ്ടായിരം രൂപ  നിങ്ങളുടെ  പ്രശ്നങ്ങള്‍ക്ക്  ഒന്നും ആവില്ല എന്നറിയാം ... പക്ഷെ എന്നെകൊണ്ട്‌ ഇപ്പോള്‍ കഴിയുന്നത് ഇത്രയാണ്.. വൈകാതെ ഉമ്മാടും ഉപ്പാടും പറഞ്ഞ് ഞങ്ങളാല്‍ കഴിയുന്നത് ചെയ്യാം.... "
അത്രയും പറഞ്ഞ് അവനാ ഉമ്മയെ സ്നേഹത്തോടെ നോക്കി.... അതുവരെ തേങ്ങിക്കരഞ്ഞ ഉമ്മ ഒന്ന്കൂടി വിങ്ങിപ്പൊട്ടി അവനെ പുണര്‍ന്നു.....
"ഇന്‍റെ കുട്ടീനെ പടച്ചോന്‍ കാക്കും" അത്രയും പറഞ്ഞ് സ്നേഹത്തോടെ ആ  ഉമ്മ  അവനെ പുണര്‍ന്നു.... റോഡ്‌ സൈഡാണെന്ന് കൂടി അവന്‍ മറന്നു... ആ  ഉമ്മാടെ മുഷിഞ്ഞ പര്‍ദ്ദക്ക് സ്വര്‍ഗ്ഗത്തിലെ അത്തറിന്‍റെ മണമുള്ളതായി തോന്നി അപ്പോളവന്....

                   ഒരു ഓട്ടോറിക്ഷയും പിടിച്ച് അതിന്‍റെ കാഷും കൊടുത്ത് ഏല്പിച്ച് ആ  ഉമ്മാനെ വീട്ടിലേക്ക്  യാത്രയാക്കി അവന്‍ തിരിച്ച് നടക്കുമ്പോള്‍ അവന്‍റെ മനസ്സ് നിറഞ്ഞിരുന്നു..... പെട്ടന്ന് തന്‍റെ ഉപ്പാക്ക് അവന്‍ ഫോണ്‍ വിളിച്ചു...
"ഉപ്പാ.. എന്നോട് നിങ്ങള് പൊറുക്കണം..... ഒരുപാട് തവണ നുണ പറഞ്ഞ് കാഷ് വാങ്ങിയിട്ടുണ്ട് പലതിനും.... പക്ഷെ മിനിഞ്ഞാന്ന് സെമസ്റ്റര്‍ ഫീസ്‌ കൊടുക്കാനെന്ന പേരില്‍  വാങ്ങിയ പന്ത്രണ്ടായിരം എനിക്ക് പൊരുത്തപ്പെട്ട് തരണം.... അത് മാത്രം  ഉപ്പ എനിക്ക് പൊരുത്തപ്പെട്ട് തരണം.... അത്  അതിന് അര്‍ഹതപ്പെട്ട കൈകളില്‍ ഞാന്‍ എല്പിച്ചിട്ടുണ്ട്"
മറു തലക്കല്‍ ഉപ്പ പറഞ്ഞൊരു മറുപടിയും വല്ലാതെ കനമുള്ളതായിരുന്നു...
"മോനെ,... സൈഫൂ... അത്  മാത്രമല്ല നിനക്ക്  നിന്‍റെ  ചെറിയ  ആവിശ്യങ്ങള്‍ക്ക്  നീ  നുണ  പറഞ്ഞിട്ടാണെങ്കിലും നീ വാങ്ങിയ  എല്ലാ കാശും ഉപ്പ പൂര്‍ണ്ണ പൊരുത്തത്തോടെ തന്നതാണ്.... എനിക്ക്  മാത്രമല്ല  എല്ലാ  ഉപ്പമാര്‍ക്കും മക്കള് നുണപറഞ്ഞ് വാങ്ങുന്നതും  ആവിശ്യത്തിന് വാങ്ങുന്നതും വേര്‍തിരിച്ച് അറിയാന്‍ കഴിയും... ചില  ഉപ്പമാര് അത് മക്കളിലൂടെ തിരുത്തും.. ചിലര് എന്നെപോലെ മക്കള്‍ക്ക് സത്യം പറയാനുള്ള  മനസ്സ് കിട്ടും വരെ ഇതാ.. എന്നെപ്പോലെ  ഇതുവരെ ക്ഷമിച്ച് കൊടുക്കും.... ഇക്ക് നീയായിട്ട് ഒരേ ഒരു മകാനല്ലെടാ ഉള്ളൂ.... നിനക്കല്ലാതെ മറ്റാര്‍ക്കാ ഞാന്‍  അദ്വാനിക്കുന്നത്...
                                         
നിറഞ്ഞ കണ്ണിലേക്ക് വീണ്ടും വീണ്ടും മഴക്കാലം ചേക്കേറിയപോലെ സൈഫു വീണ്ടും കരഞ്ഞു..... ഉപ്പാനോട് സലാം പറഞ്ഞ് ഫോണ്‍ വെക്കുമ്പോള്‍ ഗോവയിലേക്ക് ടൂര്‍ പോകാന്‍ പ്ലാന്‍ ഇട്ട ചെങ്ങാതി അവനെ വിളിച്ചു...

ഫോണ്‍ എടുത്ത ഉടനെ മറുതലക്കല്‍ കൂട്ടുകാരന്‍ പറയുന്നുണ്ടായിരുന്നു....
"അളിയാ വണ്ടി ബുക്ക് ചെയ്തുട്ടോ.... അപ്പൊ നമ്മള്  ഈ  ശെനിയാഴ്ച ഗോവയെന്ന സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നു.... നീ  അരുണിനോടും ഷജീര്‍നോടും വിളിച്ച് പറഞ്ഞേക്ക്... ബാക്കിയുള്ളവര്‍ക്ക് ഞാന്‍  വിളിച്ചോളാം"
പെട്ടന്ന് സൈഫു തന്‍റെ കണ്ണ് തുടച്ച് ഒന്ന് ചിരിച്ചു.. എന്നിട്ട് അവനോടായ് പറഞ്ഞു...
"അളിയാ...... ഞാന്‍ ഒഴിവാകുവാടാ ടൂറില്‍ നിന്ന്.... പന്ത്രണ്ടായിരം കൊടുത്ത് ഗോവയെന്ന നിങ്ങളുടെ മാത്രം  സ്വര്‍ഗ്ഗത്തിലേക്ക് ഞാനില്ല...... അതേ പന്ത്രണ്ടായിരം കൊണ്ട് ഞാനിന്ന് ശെരിക്കുമുള്ള സ്വര്‍ഗ്ഗത്തില്‍ പോയിരുന്നുടാ... പള്ള നിറയെ ഹൌളുല്‍ കൌസറുകുടിച്ച സന്തോഷമുണ്ടെടാ ഇപ്പോള്‍..... ഞാനില്ല.... നിങ്ങളെന്നോട് ക്ഷമിക്ക്"
അത്രയും പറഞ്ഞ് ഫോണ്‍ വെച്ച് നടക്കവേ.... അന്ന് വരെ അവനെ തലോടിയിട്ടില്ലത്ത നന്മയുടെ മാലാഖമാര്‍ അവന് ചുറ്റും കാവല് തീര്‍ക്കുകയായിരുന്നു..........!

(സൈഫുവിനേ പരിചയപ്പെടുത്താനല്ല ഇതെഴുതിയത്.... സൈഫു ആയിരത്തില്‍ ഒരുവനാവാം... പക്ഷെ ആ ഉമ്മ നമുക്ക് ചുറ്റിലുമുണ്ട്... വെള്ളിയാഴ്ച പള്ളിക്ക് പുറത്ത് തട്ടം വിരിച്ചും ഷാള് വിളിരിച്ചും... അമ്പലത്തിന് പുറത്തും കൈ നീട്ടിയും നില്‍ക്കുന്ന ഉമ്മമാരെയും അമ്മമാരെയും കണ്ടിട്ടില്ലേ നിങ്ങള്‍... ഉണ്ട് നമ്മള്‍ കണ്ടിട്ടുണ്ട്....... നിസ്കാരവും പ്രാര്‍ഥനയും കഴിഞ്ഞ് ദൈവത്തിന്‍റെ സ്പര്‍ശം കിട്ടിയെന്ന് സ്വയം അഹങ്കരിച്ച് വരുന്ന നമുക്ക് പുറത്ത്  വിരിച്ച് യാചിക്കുന്നവരുടെ പാത്രവും തുണിയും കാണുമ്പോള്‍  അറപ്പും വെറുപ്പും തോന്നാറുണ്ടോ.. എങ്കില്‍  ഉറപ്പിക്കുക... പടച്ചോന്‍ നിന്‍റെ പ്രാര്‍ത്ഥന സ്വീകരിച്ചിട്ടില്ല..... നിങ്ങള്‍ പടച്ചോന്‍റെ ഭവനം സ്പര്‍ശിച്ചു എന്നല്ലാതെ,... പടച്ചോന്‍ നിങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ചിട്ടില്ല....
നിങ്ങള്‍ക്കറിയോ ഓരോ മഹല്ലിലും വെള്ളിയാഴ്ച ആ പള്ളിയിലെ ഖത്തീബിന് ലഭിക്കുന്നതില്‍ കൂടുതല്‍ മയ്യിത്ത് നിസ്കരിക്കാനുള്ള കുറിപ്പ് മാത്രമല്ല.... മക്കളെ കെട്ടിച്ചയക്കാന്‍ കഴിവില്ലാത്ത  ഉമ്മമാരുടെ ഇരക്കാനുള്ള  അനുമതി ചോദിച്ചുള്ള അപേക്ഷ  കൂടിയാണ്... അതേ... പള്ളിമുറ്റത്ത് വിരിക്കുന്ന ഒരു തട്ടവും തുണിയും പറയാതെ പറയുന്നുണ്ട് ചോര്‍ന്നൊലിക്കുന്ന ഒരു കൂരയുടെ കഥ,.. ഒപ്പം.... കല്യാണപ്രായം തികഞ്ഞിട്ടും പണംകൊണ്ട് ഒത്ത് നോക്കുമ്പോള്‍ പുറകിലായിപ്പോയ പെങ്ങളുമാരുടെ കഥ..... കേള്‍ക്കാന്‍ നമുക്ക് കാതുകളും... ചില കാഴ്ച്ചകളെങ്കിലും കാണാന്‍ കണ്ണും  മനസ്സും ഉണ്ടാവട്ടെ.
(whats app)

Comments

Popular Posts